തിരുവനന്തപുരം: കേരള സർവകലാശാലാ ഇൻ്റർ-കോളജ് വനിതാ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി കിരീടം ചൂടി കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ. പാളയം നാഷണൽ ഗെയിംസ് സ്ക്വാഷ് കോർട്ടിൽ നടന്ന മത്സരത്തിൽ, കഴിഞ്ഞ മൂന്ന് വർഷമായി കിരീടം കൈവശം വെച്ചിരുന്ന മാർ ഇവാനിയോസ് കോളജിനെ അട്ടിമറിച്ചാണ് എൽ.എൻ.സി.പി.ഇ കിരീടം നേടിയത്.
സംസ്ഥാന ചാമ്പ്യൻ സുഭദ്ര കെ. സോണി നയിച്ച ടീമിൽ ജുനാകി ഗോസ്വാമി, സാഗരിക ശരണ്യ, ശിവരഞ്ജിനി ആർ., അർണ സിങ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ്, ഗവൺമെന്റ് കോളജ് തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് എൽ.എൻ.സി.പി.ഇ ഈ നേട്ടം കൈവരിച്ചത്.
അതേസമയം, പുരുഷ വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ് തങ്ങളുടെ ആധിപത്യം നിലനിർത്തി ചാമ്പ്യന്മാരായി. വിജയികളായ ടീമുകൾ അടുത്ത മാസം മുംബൈയിലെ സോമയ്യ വിദ്യാവിഹാർ സർവകലാശാലയിൽ നടത്തുന്ന ഓൾ ഇന്ത്യ ഇന്റർ-യൂണിവേഴ്സിറ്റി സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കേരള സർവകലാശാലയെ പ്രതിനിധീകരിക്കും.
