വെസ്റ്റിൻഡീസിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് ചരിത്ര ജയം നേടി സ്കോട്ട്‌ലൻഡ്. വെസ്റ്റിൻഡീസ് ഇല്ലാതെ നടക്കുന്ന ആദ്യ ഏകദിന ലോകകപ്പ്.
ഇന്നലെ ലോകകപ്പ് യോഗ്യതാ സൂപ്പര്‍ സിക്സ് റൗണ്ടിലെ മത്സരത്തില്‍ സ്കോട്ട്ലൻഡ് വെസ്റ്റിൻഡീസിനെ 7 വിക്കറ്റിനാണ് തകര്‍ത്തത്.
ഏകദിനത്തില്‍ വിൻഡീസിനെതിരെ സ്കോട്ട്ലൻഡ് നേടുന്ന ആദ്യ ജയമാണിത്. ഈ തോല്‍വിയോടെ ഇന്ത്യവേദിയാകുന്ന ഏകദിന ലോകകപ്പിന് വെസ്റ്റിൻഡീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. ആദ്യ രണ്ട് ലോകകപ്പുകളിലും ചാമ്ബ്യൻമാരായ വെസ്റ്റിൻഡീസ് ഇല്ലാതെ നടക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലും വെസ്റ്റിൻഡീസിന് യോഗ്യത നേടാനായിരുന്നില്ല.
സിംബാബ്‌വെയിലെ ബലുവായോയില്‍ നടന്ന സൂപ്പര്‍ സിക്സ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 43.5 ഓവറില്‍ സ്കോട്ട്‌ലൻഡ് 181 റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടിക്കിറങ്ങിയ സ്കോട്ട്‌ലൻഡ് 43.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി ലോകകപ്പ് പ്രതീക്ഷ നിലനിർത്തി.