പത്താം വയസ്സില്‍ കണ്ട ഫുട്ബോള്‍ മത്സരത്തിലെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങള്‍ അറുപതുകളിലും ഓര്‍ത്തെടുത്തിരുന്നു ഓട്ടോ ചന്ദ്രന്. മലബാറിന്റെ ഫുട്ബോള്‍ ഭ്രമത്തിന്റെ പ്രതിരൂപമായിരുന്ന ഓട്ടോ ചന്ദ്രന് കോഴിക്കോട് അന്തരിക്കുമ്പോള്‍ നഷ്ടമാകുന്നത് അത്തരം ഓര്‍മ്മകള്‍ കൂടിയാണ്.
റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ഏജന്റായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഓട്ടോ ചന്ദ്രന് എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഏകദേശം അഞ്ച് വര്‍ഷത്തോളം ഓട്ടോ ഓടിച്ചിരുന്നു. അതാണ് പിന്നീട് പേരിന് മുന്നില്‍ സ്ഥിരമായി ഇടംപിടിച്ചത്.
പേര് പോലെ തന്നെയാണ് കിടിലനാണ് അദ്ദേഹത്തിന്റെ മുഖം നിറഞ്ഞ് നില്ക്കുന്ന കൊമ്പന് മീശയും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്ബോള്‍ താരമായ ശ്രീധരനെ കോഴിക്കോട് വച്ച് ആദരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു മത്സരത്തിലെ ഗോളടി നിമിഷം ഓട്ടോ ചന്ദ്രന് ഓര്‍മ്മിപ്പിച്ചത് ആ പരിപാടിയിലെ നനവൂറുന്ന നിമിഷമായിരുന്നു.
എഴുപതുകളില്‍ കോഴിക്കോട് മാനാഞ്ചിറയില്‍ പാകിസ്താനില്‍ നിന്നുള്ള ടീമുകളും ഇന്ത്യയില്‍ നിന്നുള്ള ക്ലബ്ബുകളും തമ്മില്‍ പ്രദര്‍ശന മത്സരങ്ങള്‍ നടത്തിയിരുന്നു. മലബാര്‍ ഇലവന്റെ താരമായിരുന്നു ശ്രീധരന്. കറാച്ചി കിക്കേഴ്സ് എന്ന ടീമിനെതിരെ ശ്രീധരന് നേടിയ ഗോള്‍ നിമിഷമാണ് അതിന് സാക്ഷിയായിരുന്ന ഓട്ടോ ചന്ദ്രന് ഓര്‍മ്മിപ്പിച്ചത്.
നെഹ്റു ട്രോഫിയാകട്ടെ, സന്തോഷ് ട്രോഫിയാകട്ടെ, നാഗ്ജി ടൂര്‍ണമെന്റ് ആകട്ടെ മുന്നില്‍ ഓട്ടോ ചന്ദ്രനുണ്ടാകും. അദ്ദേഹത്തിന്റെ ഓട്ടോയില്‍ ബി എസ് എഫിന്റെ ജോഗീന്ദര്‍ എസ്, ജെസിടി ഫഗ്വാരയുടെ ഇന്ദര്‍ സിംഗ്, മോഹന്‍ ബഗാന്റെ സുബ്രതോ ഭട്ടാചാര്യ തുടങ്ങിയ താരങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
“നാഗ്ജി ഫുട്ബോൾ നടക്കുമ്പോൾ കെട്ടിയുയർത്തിയ പടിഞ്ഞാറൻ മുള ഗ്യാലറിയിലെ പിന്നീട് സ്ഥിരം പടിഞ്ഞാറൻ ഗ്യാലറിയിലെ നിത്യ സാന്നിധ്യമായിരുന്നു ചന്ദ്രേട്ടൻ,”കോഴിക്കോട്ടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ വിനോദ് പി കെ ഓര്‍ക്കുന്നു.
“കളി റിപ്പോർട്ട് ചെയ്യുമ്പോൾ ഞങ്ങൾക്ക് പേടി സ്വപ്നമായിരുന്നു ചന്ദേട്ടൻ . എല്ലാ പത്രവും വായിച്ച് പെരുക്കി പിറേറന്ന് തെറ്റ് കണ്ടെത്തിയാൽ ഗ്യാലറിയിൽ നിന്ന് ചന്ദ്രേട്ടന്റെ പരിഹാസമുണ്ടാകും സീനിയർ ആയ പത്ര ലേഖകരെയാണ് ചന്ദ്രേട്ടൻ കൂട്ടുതലായും പിടിക്കുക. പത്രത്തിന്റെ പേരും എഴുതിയവരെയും എടുത്ത് പറഞ്ഞ് കളിയാക്കൽ തുടരും നന്നായി റിപ്പോർട്ട് ചെയ്താൽ വലിപ്പ ചെറുപ്പമില്ലാതെ പ്രോത്സഹിപ്പിക്കും കളിക്കാരെയും പരിശീലകരെയും സംഘാടകരെയും ചെല്ല പേർ ഉണ്ടാക്കി വിളിക്കും തിരക്കഥാകൃർത്ത് ദാമോദരൻ മാഷായിരിക്കും ഏറ്റവും കൂടുതൽ പരിഹാസം നേരിട്ട റഫറി . അദേഹത്തിന് തിരിച്ചു പ്രതികരിക്കുക എന്ന സ്വഭാവമുള്ളതിനാൽ ചന്ദേട്ടനും കാര്യം കുശാൽ . എന്നാൽ കളികഴിഞ്ഞാൽ ദാമോദരൻ മാഷും ചന്ദ്രേട്ടനും പരസ്പരം തോളത്ത് കൈയ്യിട്ട് പോകുന്നതും കണ്ടിട്ടുണ്ട് ഒരിക്കൽ ഫെഡറേഷൻ കപ്പ് നടക്കുമ്പോൾ ചന്ദേട്ടന്റെ ആവേശവും അതോടൊപ്പം സ്റ്റേഡിയം ഇളകി മറിയുന്നതും കണ്ട് അന്ന് എന്റെ അരികിലുണ്ടായിരുന്ന ഒരു ബംഗാളി ലേഖകൻ ആശ്ചര്യത്തോടെ ചന്ദേട്ടനെ പറ്റി ചോദിച്ചു. പിന്നീടദ്ദേഹം ചന്ദ്രേട്ടനെ ഇന്റർവ്യൂ ചെയ്ത് ബംഗാളി പത്രത്തിൽ കൊടുക്കുകയും ചെയ്തു അക്കാലത്ത് ഇന്ത്യയിലെ എല്ലാ പത്രങ്ങളും മിക്കവാറും ലഭിച്ചിരുന്ന സ്റ്റാൾ കോഴിക്കോട്ടുണ്ടായിരുന്നു രാധാ തിയ്യറ്ററിന് മുന്നിലെ സായ് വിന്റെ കട . അവിടെ ചെന്ന് ആ ബംഗാളി പത്രം കണ്ടെത്തി ചന്ദേട്ടൻ എല്ലാവരെയും കാണിച്ചു എല്ലാവരോടും ഇവനാണ് ഇതിന് കാരണക്കാരനെന്ന് അറിയിക്കുകയും ചെയ്തു. ചന്ദേട്ടന്റെ നിര്യാണം പഴയ കോഴിക്കോടൻ ഫുട്ബോൾ ആവേശത്തിന്റെ ഗൃഹാത്യരത്വത്തിലേക്കാണ് നയിക്കുന്നത്. ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിച്ചയാൾ. ഇങ്ങ് നമ്മുടെ അടുത്ത് ലോക കപ്പിന് അരങ്ങുണരുമ്പോൾ ചന്ദ്രേട്ടൻ എന്ന ഓട്ടോ ചന്ദ്രന്റെ മീശ ചന്ദ്രന്റെ നിര്യാണം ദുഃഖം പകരുന്നു,” വിനോദ് പറഞ്ഞു.