ബംഗ്ലാദേശിനെതിരായ വനിതാ ടി 20 പരമ്പര ഇന്ത്യയ്ക്ക്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകളുടെ ജയം എട്ട് റൺസിന്.
96 വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. നാല് ഓവറിൽ ഒൻപത് റൺ മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണിയാണ് ബംഗ്ലാ പതനത്തിന് ആക്കം കൂട്ടിയത്.
ഷെഫാലി വർമ്മ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും, നാലോവറിൽ 12 റൺസ് വഴങ്ങി ദീപ്തി ശർമ്മ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പിഴച്ചു. നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ സ്കോർ ബോർഡ് ഇഴഞ്ഞാണ് നീങ്ങിയത്.
19 റൺസെടുത്ത ഷെഫാലി വർമ്മയാണ് ടോപ്പ് സ്കോറർ. അമൻ ജോത് കൗർ 14 ഉം, സ്മൃതി മന്ഥാന 13 ഉം റൺസെടുത്തു. മിന്നു മണി മൂന്ന് ബോളിൽ ഒരു ബൗണ്ടറി സഹിതം 5 റൺസെടുത്ത് പുറത്താകാതെ നിന്നു.
ബംഗ്ലാദേശിന് വേണ്ടി പോരാട്ടം നടത്തിയ നിഗർ സുൽത്താനയെ 38 (55) വീഴ്ത്തി ദീപ്തി ശർമ്മയാണ് ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്.
അവസാന ഓവറിൽ ജയിക്കാൻ പത്ത് റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് കാലിടറി. ഒരു റൺ ഔട്ട് സഹിതം നാല് വിക്കറ്റാണ് ഷെഫാലി വർമ്മയുടെ ഓവറിൽ വീണത്.