ഇന്ത്യ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ കടന്നു. ന്യൂസിലാന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 108 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ 14.2 ഓവറില്‍ മറികടന്നു.
ന്യൂസിലാന്‍ഡ് വനിതകളില്‍ ജോര്‍ജിയ പ്രിമ്മെറും ഇസബെല്ല ഗേസും ഇന്ത്യന്‍ ബൗളിങ്ങിനെതിരെ പൊരുതി നിന്നപ്പോള്‍ അഞ്ചുപേര്‍ രണ്ടക്കം കാണാതെ കൂടാരം കയറി. പ്രിമ്മെര്‍ 35 റണ്‍സും ഗേസ് 26 റണ്‍സും എടുത്തു.
ശ്വേത ഷെഹ്രാവത്താണ് ഇന്ത്യയുടെ വിജയശില്‍പി. ലോകകപ്പ് സെമി ഫൈനലെന്ന പേടി കൂടാതെ തകര്‍ത്തടിച്ച ശ്വേത 45 പന്തില്‍ നിന്നും 61 റണ്‍സ് നേടി പുറത്താകാതെ നിന്നു. 10 തവണയാണ് ശ്വേത പന്ത് ബൗണ്ടറി വര കടത്തിയത്. ക്യാപ്റ്റന്‍ ഷഫാലി വര്‍മ്മ 10 റണ്‍സ് മാത്രം എടുത്ത് കാര്യമായ സംഭാവന നല്‍കാതെ പോയ മത്സരത്തില്‍ സൗമ്യ തിവാരി ശ്വേതയ്ക്ക് മികച്ച പിന്തുണ നല്‍കി. സൗമ്യ 26 പന്തില്‍ നിന്നും 22 റണ്‍സെടുത്ത് പുറത്തായി.
ഗോംഗടി ത്രിഷ ആയിരുന്നു വിജയ നിമിഷത്തില്‍ ശ്വേതയ്ക്ക് കൂട്ടായി നിന്നത്. ത്രിഷ അഞ്ച് റണ്‍സെടുത്തു.