ഇന്ത്യയുടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലൻ്റിനെതിരേയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ, 349/8.
ശുഭ്മാന്‍ ഗില്ലിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിനാണ് രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായ മൂന്ന് സിക്സറുകള്‍ പറത്തിയാണ് ഗില്‍ ഇരട്ട സെഞ്ച്വറിയിലേക്ക് എത്തിയത്. എട്ടാമനായി ഗില്‍ പുറത്താകുമ്പോള്‍ 208(149) ഇന്ത്യന്‍ സ്കോര്‍ 345 ല്‍ എത്തിയിരുന്നു. 19 ഫോറും 9 സിക്സറുകളുമാണ് ഗില്ലിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.
ഹൈദരാബാദില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമ്മയും ഗില്ലും നല്കിയത്.
38 ബോളിൽ 34 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 60 ൽ എത്തിയിരുന്നു.
തുടർന്ന് വന്ന കോഹ് ലിക്ക് കാര്യമായൊന്നും ചെയ്യാനായില്ല 8 (10). ഇഷാൻ കിഷനും 5 (14) വന്ന പോലെ മടങ്ങിയതോടെ ഇന്ത്യ 19.4 ഓവറിൽ 110 ന് നാല് എന്ന നിലയിലായി.
സൂര്യകുമാർ യാദവ് എത്തിയതോടെ സ്കോറിംഗിന് വേഗത കൂടി. 26 ബോളില്‍ 31 റണ്‍സുമായി സൂര്യ പുറത്താകുമ്പോള്‍ സ്കോര്‍ 175 ല്‍ എത്തിയിരുന്നു. നാലാം വിക്കറ്റില്‍ ഗില്‍ – സൂര്യ സഖ്യം 53 ബോളില്‍ 65 റണ്‍സാണ് നേടിയത്.
തുടര്‍ന്നു വന്ന ഹര്‍ദ്ദിക് പാണ്ഡ്യയും ഗില്ലിന് മികച്ച പിന്തുണ നല്കി. 74 റണ്‍സാണ് സഖ്യം നേടിയത്. പാണ്ഡ്യ 28(38) റണ്‍സിന് പുറത്തായി.
ന്യൂസിലാന്‍റിനായി ഡാരില്‍ മിച്ചല്‍, ഹെന്‍റി ഷിപ് ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കളിക്കിടെ സുപ്രധാനമായൊരു നേട്ടവും ഗില്‍ പിന്നിട്ടു. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായി ഗില്‍. 19 മത്സരത്തില്‍ നിന്നാണ് ഗില്‍ 1000 റണ്‍സ് തികച്ചത്. വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ താരവുമായി ഗില്‍.