തിരുവനന്തപുരം: കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് വീണ്ടും കൈത്താങ്ങായി സചിന്‍ ബേബി. 2.3 ഓവറില്‍ വെറും ആറ് റണ്‍സിന് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൂടാരം കയറിയപ്പോള്‍ വത്സലുമൊത്ത് ക്ഷമാപൂര്‍വം വിക്കറ്റ് കാത്ത് റണ്‍സ് നേടിയ സചിന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി കേരളത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ശ്രീലങ്കയാകാതെ രക്ഷിച്ചു.
സചിനും വല്‍സല്‍ ഗോവിന്ദും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് കേരളത്തിന് പ്രതിരോധക്കോട്ട കെട്ടിയത്. 257 പന്തില്‍ നിന്നും 120 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി.
ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലാണ്. സചിന്‍ 116 റണ്‍സുമായി പോരാട്ടം തുടരുന്നു. 272 പന്തില്‍ നിന്നാണ് സചിന്‍ 12 ബൗണ്ടറികളുടേയും ഒരു സിക്‌സിന്റേയും കരുത്തില്‍ സെഞ്ച്വറി കടന്നത്. വത്സല്‍ 116 പന്തില്‍ 46 റണ്‍സ് നേടി. ആറ് ബൗണ്ടറികളാണ് വത്സലിന്റെ സ്‌കോറിലുള്ളത്.
കര്‍ണാടകയുടെ കൗശിക് വി ആണ് കേരള നിരയില്‍ നാശം വിതച്ചത്. ഇതുവരെ വീണ ആറ് വിക്കറ്റുകളില്‍ നാലും കൗശികാണ് നേടിയത്. രാഹുല്‍ പി, രോഹന്‍ എസ് കുന്നുമ്മല്‍, വത്സല്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ കൗശികിന്റെ പന്തിന് ഇരയായി.
വത്സലിന് പിന്നാലെയെത്തിയ നിസാര്‍ കൗശികിന് മുന്നില്‍ പൂജ്യനായി മടങ്ങി. അക്ഷയ് ചന്ദ്രന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും 59 പന്തുവരെയേ അത് നീണ്ടുള്ളൂ. 17 റണ്‍സിന് പുറത്തായി. എങ്കിലും സചിനുമൊത്ത് 46 റണ്‍സിന്റെ കൂട്ടുകെട്ടാണ് അക്ഷയ് ഉണ്ടാക്കിയത്. ശ്രേയസ് ഗോപാലിന്റെ പന്തില്‍ ശുഭാംഗ് ഹെഗ്‌ഡെ പിടിച്ച് പുറത്താക്കി. കേരളത്തിന്റെ അതിഥി താരമായ ജലജ് സക്‌സേനയാണ് ഇപ്പോള്‍ സചിന് കൂട്ടുനില്‍ക്കുന്നത്. ജലജ് 31 റണ്‍സ് എടുത്തിട്ടുണ്ട്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് കര്‍ണാടക. കേരളം രണ്ടാമതും.