തിരുവനന്തപുരം ഏകദിനം: കോലിയ്ക്കും ഗില്ലിനും സെഞ്ച്വറി

0

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിയതിനാല്‍ ത്രില്ല് നഷ്ടമായിരുന്ന തിരുവനന്തപുരം ഏകദിനത്തില്‍ വിരാട് കോലിയുടേയും ശുഭ്മന്‍ ഗില്ലിന്റേയും തകര്‍ത്തടിയില്‍ ആവേശം വിതച്ച് ടീം കൂറ്റന്‍ സ്‌കോര്‍ നേടി. പരമ്പരയുടെ ഭാവി നേരത്തേത്തന്നെ തീരുമാനം ആയതിനാല്‍ ഗ്രീന്‍ഫീല്‍ഡ് മൈതാനത്തിലേക്ക് കാണികള്‍ ഒഴുകിയില്ല. ഒഴിഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തി കോലി കഴിഞ്ഞ ഏകദിനത്തില്‍ നിര്‍ത്തിയിടത്തുനിന്നും തുടങ്ങിയപ്പോള്‍ ഓപ്പണറായി ഇറങ്ങിയ ഗില്‍ സെഞ്ച്വറിയുമായി കൂട്ടുനിന്നു.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്‍സൊഴുകുന്നില്ലെന്ന പരാതി അവസാനിപ്പിക്കാന്‍ പിച്ച് മാറ്റി കളിയൊരുക്കിയ തീരുമാനത്തെ നിരാശയാക്കാതെ ഇന്ത്യന്‍ ടീം സ്‌കോര്‍ ചെയ്തു. ഫലം 50 ഓവറില്‍ 390. നഷ്ടം അഞ്ചുവിക്കറ്റുകള്‍ മാത്രം.

വിരാട് കോലിയുടെ ബാറ്റിങ്‌

കോലി 110 പന്തില്‍ നിന്നും 166 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ഗില്ലാകട്ടെ 97 പന്തില്‍ നിന്നും 116 റണ്‍സെടുത്ത് കില്ലാടിയായി. കോലിയുടെ പോക്കറ്റില്‍ 13 ബൗണ്ടറികളും എട്ട് സിക്‌സറുകളും ഉണ്ട്. ഗില്‍ 14 ഫോറും രണ്ട് സിക്‌സുകളും നേടി.

എന്നാല്‍, കളിയുടെ വിശേഷം ഇതാണ്. സചിന്റെ റെക്കോര്‍ഡുകളുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന കോലി നിരാശപ്പെടുത്തലുകളുടെ കാലം മറികടന്ന് തകര്‍ക്കലുകളുടെ വഴിയില്‍ തിരിച്ചെത്തിയതിന്റെ തുടര്‍ച്ച ഗ്രീന്‍ ഫീല്‍ഡില്‍ ആരാധകര്‍ ടിവിയിലൂടെ കണ്ടു. രണ്ടാം ഏകദിനത്തില്‍ സചിനൊപ്പം കസേരയിട്ടിരുന്ന രണ്ട് റെക്കോര്‍ഡുകളില്‍ കോലി സ്വന്തം പേര് ഒന്നാം സ്ഥാനത്തേക്ക് ഒറ്റയ്ക്ക് കയറ്റിവച്ചു. ഇന്ത്യയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി കോലിക്ക് സ്വന്തം.

ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം ഇനി കോലിയാണ്. ശ്രീലങ്കയ്‌ക്കെതിരായ പത്താം സെഞ്ച്വറിയാണിത്. ഓസ്‌ട്രേലിയ്‌ക്കെതിരെ സചിന്‍ നേടിയ ഒമ്പത് സെഞ്ച്വറികള്‍ എന്ന റെക്കാര്‍ഡ് ആണ് കോലി മറികടന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയും കോലി ഒമ്പത് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇതുവരെ 21 സെഞ്ച്വറികളാണ് കോലി കുറിച്ചിട്ടുള്ളത്.

കോലിയുടെ റണ്‍ശേഖരം 62 റണ്‍സ് പിന്നിട്ടപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അദ്ദേഹം ശ്രീലങ്കയുടെ മഹേലജയവര്‍ധനയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് കയറി.

തിരുവനന്തപുരം ഏകദിനം: കോലിയ്ക്കും ഗില്ലിനും സെഞ്ച്വറി
Leave A Reply

Your email address will not be published.