ഐ ലീഗില്‍ പയ്യനാട്ടെ അവസാന ഹോം മത്സരത്തില്‍ ഗോകുലം കേരളത്തിന് തോല്‍വി. ട്രാവു എഫ്‌സിയോടാണ് രണ്ടിനെതിരെ ഒരു ഗോളിന്റെ തോല്‍വി ഗോകുലം വഴങ്ങിയത്. കളിയുടെ അവസാന നിമിഷം വരെ രണ്ട് ഗോളിന് പിന്നിട്ട് നിന്നിരുന്ന ഗോകുലത്തിന് ആശ്വാസമായി അവസാന നിമിഷങ്ങളില്‍ പിറന്ന മറുപടി ഗോള്‍. 87-ാം മിനിട്ടില്‍ സമാന്‍ ആണ് ഗോകുലത്തിന്റെ ഏക ഗോള്‍ വലയിലെത്തിച്ചത്.
നേരത്തെ ഗോള്‍രഹിത ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 58-ാം മിനിട്ടിലാണ് ട്രാവുവിന്റെ ആദ്യ ഗോള്‍ പിറന്നത്. ഗോഗോയ് ആണ് കളിയിലെ ആദ്യ ഗോള്‍ നേടി സമനിലപ്പൂട്ട് പൊട്ടിച്ച് ട്രാവുവിനെ മുന്നിലെത്തിച്ചത്. 78-ാം മിനിട്ടില്‍ എസ് ജെ സിംഗ് രണ്ടാം ഗോള്‍ നേടി.
ഗോകുലത്തിന്റെ അവശേഷിക്കുന്ന ഹോം മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് നടക്കുക. ഹാട്രിക് കിരീടം തേടിയിറങ്ങിയ ഗോകുലത്തിന് അത്ര എളുപ്പമല്ല ഈ സീസണിലെ യാത്ര.