രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ മത്സരത്തില്‍ ഗോവയോടേറ്റ തോല്‍വിയുടെ ക്ഷീണം സര്‍വീസസിനോട് തീര്‍ത്ത് കേരളം. ഇനി അടുത്ത പോരാട്ടം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കര്‍ണാകയ്ക്ക് എതിരെ. 204 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് അവസാന ദിനം കേരളം നേടിയത്. ഗ്രൂപ്പ് സിയില്‍ 19 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് കേരളം. കര്‍ണാടകയ്ക്ക് 26 പോയിന്റുകള്‍ ഉണ്ട്.
രണ്ടിന്നിങ്‌സുകളിലുമായി 252 റണ്‍സ് അടിച്ചു കൂട്ടിയ സചിന്‍ ബേബിയാണ് കളിയിലെ താരം. ഒന്നാം ഇന്നിങ്‌സില്‍ തകര്‍ച്ച നേരിട്ട കേരളത്തെ ഗംഭീര സെഞ്ച്വറി നേട്ടത്തോടെ സചിന്‍ കരകയറ്റിയപ്പോള്‍ അവസാന ദിനം സര്‍വീസസിനെ എറിഞ്ഞ് വീഴ്ത്തിയത് ജലജ് സക്‌സേനയാണ്. എട്ടുവിക്കറ്റുകളാണ് സക്‌സനേ നേടിയത്. ഇതോടെ രഞ്ജിയില്‍ 400 വിക്കറ്റുകള്‍ എന്ന നേട്ടവും സക്‌സേന കൈവരിച്ചു. സചിനാകട്ടെ രഞ്ജിയില്‍ 4000 റണ്‍സ് തികയ്ക്കുകയും ചെയ്തു.
സക്‌സനേ 36 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് എട്ട് വിക്കറ്റുകള്‍ കൊയ്തത്. ഒന്നാം ഇന്നിങ്‌സിലെ 98 റണ്‍സിന്റെ ലീഡും രണ്ടാം ഇന്നിങ്‌സില്‍ കേരളം അതിവേഗം അടിച്ചുകൂട്ടിയ 242 റണ്‍സും ചേര്‍ത്ത് 341 റണ്‍സ് ആണ് വിജയത്തിനായി സര്‍വീസസ് നേടേണ്ടിയിരുന്നത്. മൂന്നാം ദിനം 20 റണ്‍സ് നേടിയ സര്‍വീസസ് നാലാം ദിനം പത്ത് വിക്കറ്റുകളും 90 ഓവറുകളും കൈവശമുണ്ടായിരിക്കേ വെറും 136 റണ്‍സിന് പുറത്തായി. ഒന്ന് പൊരുതുക പോലും ചെയ്യാതെയാണ് സര്‍വീസസ് ബാറ്റ് വച്ച് കീഴടങ്ങിയത്. ഓപ്പണര്‍ സുഫിയാന്‍ ആലം മാത്രമാണ് സക്‌സേന കൊടുങ്കാറ്റിന് മുന്നില്‍ പിടിച്ച് നിന്നത്. അദ്ദേഹം 52 റണ്‍സെടുത്തു.