കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സര്‍വീസസിന് തകര്‍ച്ച. കേരളത്തിന്റെ 327 റണ്‍സ് എന്ന സ്‌കോറിനെ പിന്തുടര്‍ന്ന സര്‍വീസ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 എന്ന നിലയിലാണ്.
ഒന്നാം ദിനത്തിലെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 എന്ന നിലയില്‍ നിന്നും രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളം 327 റണ്‍സിന് പുറത്തായി. ആദ്യ ദിനം കേരളത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി സെഞ്ച്വറി നേടിയിരുന്ന സചിന്‍ ബേബി 159 റണ്‍സ് എടുത്ത് പുറത്തായി. കേരളത്തിന്റെ സ്‌കോറിലെ പകുതിയോളം റണ്‍സും സചിന്റെ സംഭാവനയാണ്. കേരളം ഒന്നാം ദിനം നാല് വിക്കറ്റിന് 19 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു.
സല്‍മാന്‍, അക്ഷയ്, സിജോമോന്‍ എന്നിവരുമായി ചേര്‍ന്ന് സചിന്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തെ മികച്ച സ്‌കോറില്‍ എത്തിച്ചത്. സചിനും സിജോയും ചേര്‍ന്ന് 131 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് കെട്ടിപ്പെടുത്തു.
കേരളത്തിനുവേണ്ടി ഒന്നാം ഇന്നിങ്‌സില്‍ സല്‍മാന്‍ നിസാര്‍ 42 റണ്‍സും അക്ഷയ് ചന്ദ്രന്‍ 32 റണ്‍സും സിജോമോന്‍ ജോസഫ് 55 റണ്‍സും എടുത്തു. സര്‍വീസസിന്റെ ദ്വിവേഷ് ഗുരുദേവ് പത്താനിയയും പി എസ് പൂനിയയും എംസ രതിയും കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.
കേരളത്തിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ സര്‍വീസസിനുവേണ്ടി ഓപ്പണര്‍മാരായ സുഫിയന്‍ അലാമും എസ് ജി റോഹില്ലയും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍, സുഫിയന്‍ അലാമിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി വൈശാഖ് ചന്ദ്രന്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്ന് വന്ന സൈനികര്‍ കൃത്യമായ ഇടവേളകളില്‍ പവലിയനിലേക്ക് തിരികെ മാര്‍ച്ച് ചെയ്തു. കേരളത്തിനുവേണ്ടി രണ്ടാം ദിനം വൈശാഖും കേരളത്തിന്റെ അതിഥി താരമായ ജലജ് സക്‌സേനയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
തിരുവനന്തപുരം സെന്റ് സേവേഴ്‌സ് കോളെജിലെ കെസിഎ ക്രിക്കറ്റ് മൈതാനത്തിലാണ് മത്സരം നടക്കുന്നത്.