രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കാന്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍. ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടും ഇന്ത്യയില്‍ ടീമില്‍ തുടര്‍ച്ചയായി തഴയപ്പെടുന്ന സഞ്ജു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു. കൂടാതെ, ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായും മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിന് കേരളത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള രണ്ടാം വരവാണ്.
റാഞ്ചിയിലും റായ്പൂരിലും നടക്കുന്ന ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. സിജോമോന്‍ ജോസഫ് ആണ് വൈസ് ക്യാപ്റ്റന്‍. റോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, വത്സല്‍ ഗോവിന്ദ് ശര്‍മ്മ, റോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലക് സക്‌സേന, ബേസില്‍ തമ്പി, നിധീഷ് എംഡി, ഫാനൂസ് എഫ്, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സചിന്‍ എസ് എന്നിവരാണ് ടീം അംഗങ്ങള്‍. രാഹുല്‍ പി ശാരീരികക്ഷമത തെളിയിച്ചശേഷം ടീമുമായി ചേരും.
കൃഷ്ണ പ്രസാദ്, ഷോണ്‍ റോജര്‍, വൈശാഖ് ചന്ദ്രന്‍, സചിന്‍ സുരേഷ് എന്നിവര്‍ പുതുമുഖങ്ങളാണ്. ടിനു യോഹന്നാനാണ് പരിശീലകന്‍.
ഈ മാസം 13-ന് ജാര്‍ഖണ്ഡിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. രണ്ടാമത്തെ മത്സരം രാജസ്ഥാനെതിരെ 20-ന് ആരംഭിക്കും.
കേരളം ഈ മാസം 27-ന് ഛത്തീസ് ഗഢിനെതിരെയും അടുത്ത മാസം 3-ന് ഗോവയ്‌ക്കെതിരെയും അടുത്ത മാസം 10-ന് സര്‍വീസസിനെതിരെയും 17-ന് കര്‍ണാടകയ്‌ക്കെതിരെയും 24-ന് പുതുച്ചേരിയ്‌ക്കെതിരേയും പോരിനിറങ്ങും.