കിലിയൻ എംബാപ്പെ തിളങ്ങിയ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫ്രാൻസ് പരാജയപ്പെടുത്തി. ആദ്യ ഗോളിനു വഴിയൊരുക്കുകയും ഇരട്ട ഗോളുകൾ നേടുകയും ചെയ്ത എംബാപ്പെയായിരുന്നു കളിയിലെ താരം. ഒലിവർ ജിറൂദാണ് ഫ്രാൻസിന്റെ മറ്റൊരു ഗോൾ നേടിയത്.
ആദ്യപകുതിയിലെ അവസാന മിനിറ്റുകൾ വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന പോളിഷ് പ്രതിരോധം 43 ാം മിനിറ്റിൽ ഉലഞ്ഞു. എംബൈപ്പെ ബോക്സിലേക്ക് നീട്ടിയ ത്രൂപാസ് സ്വീകരിച്ച ജിറൂദിന്റെ ഫിനീഷിംഗ്. അതുവരെ മികച്ച സേവുകളുമായി ഫ്രഞ്ചുകാരെ പ്രതിരോധിച്ച ഷ്സെസ്നിയെ മറികടന്ന് പന്ത് വലയിൽ. 28 ാം മിനിറ്റിൽ സുവർണാവസരം പാഴാക്കിയതിനു ജിറൂദിന്റെ പ്രായശ്ചിത്തം. ഇതോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ (52) നേടിയ താരമെന്ന റിക്കാർഡും ജിറൂദ് സ്വന്തമാക്കി. തിയറി ഓന്റിയെയാണ് ജിറൂദ് മറികടന്നത്.
കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ പോളണ്ടിന് സമാശ്വാസ സമ്മാനമായി പെനാൽറ്റി. വാറിലൂടെയാണ് പോളണ്ടിന് പെനാൽറ്റി അനുവദിച്ചത്. ബോക്സിനുള്ളിൽ ഫ്രഞ്ച് ഡിഫെൻഡറുടെ കൈയിൽ പന്ത് കൊണ്ടതിനാണ് പെനാൽറ്റി അനുവദിച്ചത്. പോളണ്ട് ക്യാപ്റ്റൻ ലവൻഡോസ്കി എടുത്ത കിക്ക് ഫ്രാൻസ് ഗോൾകീപ്പർ ഇടത്തേക്ക് ചാടി കൈയിൽ ഒതുക്കി. എന്നാൽ ഫൗൾ വിളിച്ചതോടെ ലെവൻഡോസ്കിക്കും പോളണ്ടിനും ആശ്വാസമായി. റീ കിക്ക് പിഴവ് പറ്റാതെ ലെവൻ ഗോളാക്കി.