കൊല്ലം: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍ കൊല്ലത്ത് നടന്ന അവസാന മത്സരഫലത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം– ആന്‍റി ക്ലൈമാക്സ്! പിബിസി(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ പന്ത്രണ്ട് സിബിഎല്‍ മത്സരങ്ങളുടെ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തി ചാമ്പ്യനായെങ്കിലും പ്രസിഡന്‍റ്സ് ട്രോഫിയ്ക്ക് വേണ്ടിയുള്ള പന്ത്രണ്ടാമത് സിബിഎല്‍ മത്സരത്തില്‍ എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ അട്ടിമറി വിജയത്തോടെ ഒന്നാമതെത്തി(4.13.89 മിനിറ്റ്).
കൊല്ലത്ത് യഥാര്‍ത്ഥത്തില്‍ നടന്നത് അട്ടിമറിയായിരുന്നു. ഫൈനല്‍ മത്സരത്തിന്‍റെ തുടക്കം മുതല്‍ നേരിയ ലീഡ് നിലനിറുത്തിയ എന്‍സിഡിസി നടുഭാഗം അത് ഫിനിഷ് വരെ തുടര്‍ന്നു. അവസാന നൂറു മീറ്ററില്‍ തുഴക്കരുത്തില്‍ ഫലം തിരുത്തുന്ന പിബിസി മഹാദേവിക്കാടിന്‍റെ മാസ്മരികത കൊല്ലത്തുണ്ടായില്ല. വ്യക്തമായ വ്യത്യാസത്തിലായിരുന്നു നടുഭാഗത്തിന്‍റെ വിജയം. മഹാദേവിക്കാട് രണ്ടാമതും(4.15.36 മിനിറ്റ്) പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം മൂന്നാമതും(4.15.96 മിനിറ്റ്) ഫിനിഷ് ചെയ്തു.
കൊല്ലത്ത് ഹീറ്റ്സ് മുതല്‍ വലിയ ആവേശത്തിലാണ് സിബിഎല്ലിന്‍റെ അവസാനമത്സരത്തില്‍ എല്ലാ ടീമുകളും പങ്കെടുത്തത്. ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത് മികച്ച മുന്നേറ്റം നടത്തി പ്രസിഡന്‍റ്സ് ട്രോഫിയില്‍ നാലാമതെത്തി. വേമ്പനാട് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്‍ അഞ്ചാമതും പുന്നമട ബോട്ട് ക്ലബ് (റിപ്പിള്‍ ബ്രേക്കേഴ്സ്) വീയപുരം ആറാമതും എത്തി. വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവസ് ഏഴും കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്)ആയാപറമ്പ് പാണ്ടി എട്ടും യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) ചെറുതന ഒമ്പതും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സിബിഎല്‍ രണ്ടാം സീസണ്‍ അവസാനിക്കുമ്പോള്‍ പിബിസി(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍(ഒന്ന് 116 പോയിന്‍റ്) എന്‍സിഡിസി (മൈറ്റി ഓര്‍സ്) നടുഭാഗം ചുണ്ടന്‍ (രണ്ട് 107 പോയിന്‍റ്) കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം(മൂന്ന് 92 പോയിന്‍റ്), പുന്നമട ബോട്ട് ക്ലബ് (റിപ്പിള്‍ ബ്രേക്കേഴ്സ്) വീയപുരം (നാല്, 76 പോയിന്‍റ്) വേമ്പനാട് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്‍(അഞ്ച്-70 പോയിന്‍റ്), യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) ചെറുതന(ആറ്-57 പോയിന്‍റ്), വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവസ് (ഏഴ്- 46 പോയിന്‍റ്) ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത്(എട്ട്- 45) (ഒമ്പത്-40 പോയിന്‍റ്) എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയിന്‍റുകളും.
സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവവും സിബിഎല്‍ ഫിനാലെയും ഉദ്ഘാടനം ചെയ്തു. കൊല്ലം എംഎല്‍എ എം മുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ എന്‍കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എ ശ്രീ എം നൗഷാദ്, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, കൊല്ലം മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീന്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
സിബിഎല്‍ ചാമ്പ്യനായ പിബിസി മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലിന് 1.25 കോടി രൂപയാണ് ഈ സീസണില്‍ സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എന്‍സിഡിസി നടുഭാഗത്തിന് 99 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ പോലീസ് ബോട്ട് ക്ലബ് ചമ്പക്കുളത്തിന് 68 ലക്ഷം രൂപയും ലഭിച്ചു. പങ്കെടുത്ത ടീമുകള്‍ക്കെല്ലാം ഓരോ മത്സരത്തിലും നാല് ലക്ഷം രൂപ വച്ചാണ് ലഭിച്ചത്. ആകെ 5.96 കോടി രൂപയാണ് സിബിഎല്ലിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സമ്മാനത്തുക.