ശ്രീനഗര്‍: ഹീറോ ഐ-ലീഗ് 2022-23 മത്സരത്തിൽ റിയൽ കാശ്മീർ എഫ്‌സിയും ഗോകുലം കേരള എഫ്‌സിയും ശ്രീനഗറിലെ ടിആർസി സ്റ്റേഡിയത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ രണ്ടു ടീമുകളുടെയും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനത്തിൽ കളി സമനിലയിൽ അവസാനിക്കുകയായിരിന്നു.
രണ്ട് വീതം വിജയവും, ക്ലീൻ ഷീറ്റുകളുടെയും പിൻബലത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഈ വിജയത്തോടെ , ഗോകുലവും കാശ്മീരും അപരാജിത തുടക്കം നിലനിർത്തുകയും തുടർച്ചയായി മൂന്ന് ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്യുന്നു.
ആദ്യ പകുതിയുടെ തുടക്കം മുതൽ തന്നെ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. ആറാം മിനിറ്റിൽ ഗോകുലത്തിന്റെ അർജുൻ ജയരാജ് പെനാൽറ്റി ഏരിയയിലേക്ക് പന്തുമായി ചാർജ്ജ് ചെയ്‌തെങ്കിലും ഷൂട്ട് ചെയ്യാൻ കഴിയുന്നതിന് മുമ്പ് കാശ്മീർ പ്രതിരോധം ക്ലോസ് ചെയ്തു.
ലീഗിലെ ഡബിൾ ഡിഫൻഡിംഗ് ചാമ്പ്യന്മാരായ ഗോകുലം തുടക്കത്തിൽ മികച്ച പ്രകടനം നടത്തി.
44-ാം മിനിറ്റിൽ റിയൽ കശ്മീരിന്റെ നുഹു സെയ്ഡുവിലൂടെയാണ് കാശ്മീരിന് മികച്ച അവസരം ലഭിച്ചത്. എന്നാൽ ഗോകുലത്തിന്റെ പ്രതിരോധം മികച്ച കളി പുറത്തെടുത്തു ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ റിയൽ കശ്മീരിന്റെ ഗോൾ എന്നുറച്ച നീക്കങ്ങൾക്ക് ഗോകുലം ഗോളി ഷിബിൻ രാജ് തടയിട്ടു. മികച്ച പ്രകടനത്തിന് ഷിബിൻ രാജിന് ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.
ഗോകുലം കേരള എഫ് സി അടുത്ത മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ് സിയെ ഹൈദരാബാദിൽ വെച്ച് നവംബർ 27 നു നേരിടും.