ഫിഫ ലോകകപ്പിന്റെ എല്ലാ പതിപ്പുകളിലും കളിച്ചിട്ടുള്ള ഏക രാജ്യമാണ് ബ്രസീല്‍. കൂടാതെ, അഞ്ച് തവണ കിരീടം നേടുകയെന്ന റെക്കോര്‍ഡും മഞ്ഞപ്പടയ്ക്കുള്ളതാണ്. 2022-ലെ ഖത്തര്‍ ലോകകപ്പില്‍ മഞ്ഞപ്പട മുത്തമിടുമെന്നാണ് ആരാധക പ്രതീക്ഷ. ആറാം കിരീടം നേടുന്നതിന് തെക്കേ അമേരിക്കന്‍ വമ്പന്മാര് കൈമെയ് മറന്ന് പോരാടാനാണ് സാധ്യത. എന്നാല്‍, ഫുട്ബോളില്‍ ഒന്നും പ്രവചനീയമല്ല. ബ്രസീല്‍ ടീമില്‍ ശ്രദ്ധിക്കേണ്ട അഞ്ച് താരങ്ങളെ ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്.
നെയ്മര്‍
2014-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മുതല്‍ ബ്രസീലിന്റെ സര്‍വം തികഞ്ഞ മുന്നേറ്റ നിരയിലെ താരമാണ് ഇപ്പോള്‍ 30 വയസ്സുള്ള നെയ്മര്‍. ഓരോ നാളുകള്‍ കഴിയുന്തോറും രാജ്യത്തിന്റെ വിലയേറിയ ഒഴിച്ചുകൂടാനാവാത്ത താരമായി അദ്ദേഹം വളര്‍ന്നു കൊണ്ടിരിക്കുന്നു. ഈ ക്ലബ് സീസണില്‍ നെയ്മര്‍ പിഎസ്ജിക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഖത്തറില്‍ ബ്രസീലിനുവേണ്ടി കളിമെനയുന്ന താരമാകുന്ന അദ്ദേഹത്തിന് ആക്രമണ നിരയില്‍ പ്രധാന റോളുള്ളപ്പോള്‍ തന്നെ ഏതൊരു പൊസിഷനിലേക്കും ഇറങ്ങിക്കളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
തിയാഗോ സില്‍വ
37 വയസ്സുകാരനായ തിയോഗോ സില്‍വ സെന്റര്‍-ബാക്ക് നിരയിലെ ലോകോത്തര താരമാണ്. പന്തിനെ നിയന്ത്രിക്കുന്നതില്‍ വളരെയധികം മികവ് പുലര്‍ത്തുന്ന അദ്ദേഹത്തിന് കളിയൊഴുക്കിനെ മികച്ച രീതിയില്‍ വായിച്ചെടുക്കാനും ടീമിന് അനുകൂലമായി ഒഴുക്കിനെ തിരിച്ചുവിടാനും സാധിക്കുന്നു.
ചെല്‍സിക്കുവേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ നേടിയിട്ടുണ്ട്.
മാര്‍ക്വിനോസ്
ഏറെക്കാലമായി ബ്രസീല്‍ ടീമിലെ പ്രതിരോധ നിരയില്‍ തിയാഗോ സില്‍വയുടെ പങ്കാളിയാണ് മുന്‍ പിഎസ്ജി താരം കൂടിയായ മാര്‍ക്വിനോസ്. 28 വയസ്സുള്ള ഈ സെന്റര്‍-ബാക്ക് താരം അദ്ദേഹത്തിന്റെ മികവിന്റെ ഉത്തുംഗശൃംഗങ്ങളിലാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ കൊണ്ട് യൂറോപ്പിലെ മുന്തിയ ലീഗുകളില്‍ കളിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
വളരെ ചടുലമായ വേഗതയുള്ള മാര്‍ക്വിനോസ് അതിവേഗ ഫുട്ബോള്‍ കളിച്ചിട്ടില്ലാത്ത ടീമുകള്‍ക്കെതിരായ കുന്തമുനയാകും. പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന ഓര്‍മ്മിപ്പിച്ചു കൊണ്ട് അദ്ദേഹം മൈതാനത്ത് പന്തിനെ കാലുകള്‍ കൊണ്ട് അടക്കം പിടിക്കാറുണ്ട്.
കേസ്മിറോ
ഒമ്പത് വര്‍ഷമായി ബ്രസീല്‍ ടീമിന്റെ മിഡ്ഫീല്‍ഡറാണ് 30 വയസ്സുകാരനായ കാസ്മിറോ. റയല്‍ മാഡ്രിഡിനുവേണ്ടി അഞ്ച് ചാമ്പ്യന്‍സ് ലീഗുകള്‍, മൂന്ന് ഫിഫ ക്ലബ് ലോകകപ്പുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട കിരീടങ്ങള്‍ ഷെല്‍ഫിലുള്ള കേസ്മിറോ ഓഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി കരാര്‍ ഒപ്പിട്ടുണ്ട്.
ധ്രുതഗതിയിലെ നീക്കങ്ങള്‍ നടത്തി പന്തിനെ ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ലക്ഷ്യം കാണുന്ന ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതില്‍ കേസ്മിറോ അഗ്രഗണ്യനാണ്.
ലൂക്കാസ് പാക്വറ്റ
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിനുവേണ്ടി കൊളംബിയക്കെതിരെ നേടിയ ഗോള്‍ അദ്ദേഹം ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. സാവോ പോളോയില്‍ നടന്ന മത്സരത്തിനൊടുവില്‍ മിഡ് ഫീല്‍ഡറായ 25 വയസ്സുള്ള ലൂക്കാസിനെ കെട്ടിപ്പിടിച്ചാണ് അഭിനന്ദിച്ചത്. ഫ്ളമെന്‍ഗോ അക്കാദമിയുടെ ഉല്പന്നമായ ലൂക്കാസിന് ക്ലബിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും കളിക്കുമ്പോള്‍ ഫലപ്രദമായ ആക്രമണാത്മക ഫുട്ബോള്‍ കാഴ്ചവയ്ക്കാനുള്ള കഴിവുകളുണ്ട്. നെയ്മറുമായി മികച്ച പരസ്പര ധാരണയില്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.