ലക്ഷ്യം 2034-ലെ ലോകകപ്പ്; കോഴിക്കോട് ഫുട്‌ബോള്‍ പരിശീലനക്കളരി ഒരുങ്ങുന്നു

0

കോഴിക്കോട്: വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ ലോകമെങ്ങും ഉയരുമ്പോള്‍  ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമിന് വഴി തുറക്കുക എന്ന ലക്ഷ്യവുമായി കളിക്കാരെ വാര്‍ത്തെടുക്കാന്‍ കോഴിക്കോട്ടൊരു  മൈതാനം ഒരുങ്ങുന്നു. 2023 ഫെബ്രുവരിയോടെ ഈ മൈതാനത്തില്‍ പന്തുരുളും.  ഡിഗോ മറഡോണയെന്ന ഫുട്‌ബോള്‍ ഇതിഹാസത്തെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂണിയേഴ്‌സിന്റെ പരിശീലകരുടെ ശിക്ഷണത്തിലാവും കുട്ടികളുടെ കാല്‍പെരുക്കം.  

മലബാര്‍ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയഷന്‍ ഫൗണ്ടേഷന്റെ  (എംഎസ്ആര്‍എഫ്) നേതൃത്വത്തില്‍  വരുന്ന ഫുട്‌ബോള്‍ അക്കാഡമിയുടെ ഭാഗമായാണ് മൈതാനം  ഒരുങ്ങുന്നത്. പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലാണ്  ഗ്രൗണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൈതാനത്ത് ഉയര്‍ന്ന ഗുണ നിലവാരമുള്ള ബര്‍മുഡ ഗ്രാസാണ്  ഒരുക്കുന്നത്.  കളിക്കാര്‍ക്ക് പരുക്കു പറ്റാനുള്ള സാധ്യത ബര്‍മൂഡ ഗ്രാസില്‍ കുറയും.   30 ദിവസത്തിനകം മൈതാനത്തെ പുല്ല് പൂര്‍ണ്ണ വളര്‍ച്ചയെത്തും. ഡ്രൈനേജ് സംവിധാനവും ഫെന്‍സിംഗുമൊക്കെ ഇതിനോടകം പൂര്‍ത്തിയാവും. ജനുവരിയോടെ അക്കാദമിയിലേക്ക് കുട്ടികളെ സെലക്ട്‌ചെയ്യുമെന്ന് എംഎസ്ആര്‍എഫ് ചെയര്‍മാനും മുന്‍ ഗോവ ചീഫ് സെക്രട്ടറിയുമായ ബി. വിജയന്‍ പറഞ്ഞു. ഫെബ്രുവരിയോടെ പരിശീലനം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. 

അക്കാദമിയിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അര്‍ജന്റീനിയോസ് ജൂണിയേഴ്‌സിന്റെ കോച്ചുകള്‍ കോഴിക്കോട്ടെത്തും. അവര്‍ ഇവിടെ താമസിച്ച്  കുട്ടികളെ പരിശീലിപ്പിക്കും. 13 വയസിനു താഴെയുള്ള ഫുട്‌ബോളില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെയാണ്  എംഎസ്ആര്‍എഫ് തെരഞ്ഞെടുക്കുക. എംഎസ്ആര്‍എഫിന്റെ കീഴില്‍ മലബാര്‍ ചാലഞ്ചേഴ്‌സ് എന്ന ഫുട്‌ബോള്‍ ക്ലബ്ബും നിലവില്‍ വരും. 2031ലെ അണ്ടര്‍ 20 മത്സരത്തിലും 2034ലെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുക്കാന്‍   രാജ്യത്തെ  പ്രാപ്തമാക്കുകയും ദേശീയ ടീമില്‍ മലബാര്‍ ചാലഞ്ചേഴ്‌സിന്റെ മൂന്നു ഫുട്ബാള്‍ താരങ്ങളെയെങ്കിലും പങ്കെടുപ്പിക്കുകയുമാണ് എംഎസ്ആര്‍എഫിന്റെ ലക്ഷ്യം.  പ്രവര്‍ത്തനത്തിന്റെ  രണ്ടാം ഘട്ടത്തില്‍ കുട്ടികളെ താമസിപ്പിച്ച് പരിശീലനം നല്‍കും. 400 കുട്ടികളെ ഉള്‍ക്കൊള്ളാവുന്ന റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയാണ് എംഎസ്ആര്‍എഫ് ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.